“ ഞങ്ങളിവിടെ സുഖമായിരിക്കുന്നു ”…
“ എനിയ്ക്ക് ഇപ്പോൾ കാര്യങ്ങൾ എല്ലാം അറിയാം. ഞങ്ങൾക്ക് വേണ്ടി, ഇതുവരെ കാണുകയോ കേൾക്കുകയോ ചെയ്യാത്ത ഒരുപാട് ആളുകൾ പ്രാർത്ഥിച്ചിട്ടുണ്ട്. അവർ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. സർക്കാർ ചേർത്തു പിടിച്ചിട്ടുണ്ട്. എല്ലാവരോടും പറയണം ഞങ്ങൾക്ക് സുഖമാണെന്ന്. അവരോടോക്കെ നന്ദിയുണ്ടെന്ന്. നഷ്ടപ്പെട്ടത് ഒരിക്കലും തിരിച്ചു കിട്ടില്ലെങ്കിലും ഒരു പുതിയ ജീവിതം ഞങ്ങൾ സ്വപ്നം കാണുകയാണ് ”
ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ട്ടപെട്ട കുട്ടിയുടെ വാക്കുകളാണിത്.
കരൾ പിളരും വേദന നൽകിയ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് ഒരു വയസ്സാകുന്നു. ഒരുരാത്രി ഇരുട്ടി വെളുത്തപ്പോൾ ജീവിതം തന്നെ കൈവിട്ടു പോയവർ. ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിന്നവർ ഇന്ന് അതിജീവനത്തിന്റെ പാതയിൽ മുന്നേറുകയാണ്. നാടിനെ നടുക്കിയ ദുരന്തത്തിലെ അതിജീവിതരും ബന്ധുക്കളും നാടും പതിയെ ഉയിർത്തെഴുന്നേൽക്കുകയാണ്. കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പിൽ ഉയരുന്ന പുതിയ വീടുകളോടൊപ്പം പുത്തൻ പ്രതീക്ഷകൾ തുന്നുകയാണ് അവർ.
ദുരന്തത്തിൽ ഏഴ് കുട്ടികൾക്കാണ് മാതാപിതാക്കളെ നഷ്ട്ടപെട്ടത്. ഇതിൽ രണ്ട് പേർക്ക് 18 വയസ് പൂർത്തിയായി. ഒരാളുടെ ഡിഗ്രി വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവുകളും സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജ് മാനേജ്മെന്റാണ് വഹിക്കുന്നത്. മറ്റൊരാൾ പ്ലസ് വണ്ണിന് കോഴിക്കോട് ജില്ലയിലാണ് പഠിക്കുന്നത്. നേരത്തെ ഡ്രോപ്പ് ഔട്ട് ആയ ഇയാൾ ദുരന്തത്തിന് ശേഷം പഠനം പുനരാരംഭിക്കുകയായിരുന്നു
ബാക്കി അഞ്ചു കുട്ടികളും അടുത്ത ബന്ധുക്കളുടെ കൂടെ കിൻഷിപ്പ് ഫോസ്റ്റർ കെയർ പദ്ധതിയിലാണ്. ആഴ്ച്ച്ചയിൽ ഒരിക്കൽ ഫോൺ വഴിയും മാസത്തിൽ ഒരുതവണ നേരിട്ടും കുട്ടികളുമായി ഇടപെടലുകൾ നടത്തിക്കൊണ്ട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ ജീവനക്കാർ കുട്ടികൾക്കൊപ്പം ചേർന്ന് നിൽക്കുന്നു.
“ അവർ അഞ്ചു പേർക്കും സുഖമാണ്. എല്ലാവരും സ്കൂളിൽ പോകുന്നു. അടുത്ത ബന്ധുക്കളോടൊപ്പമാണ് കുട്ടികൾ കഴിയുന്നത്. കൃത്യമായ ഇടവേളകളിൽ കുട്ടികളുമായും ബന്ധുക്കളുമായും ബന്ധപ്പെടുകയും സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. എന്ത് പ്രയാസമുണ്ടെങ്കിലും നമ്മളെ അറിയിക്കാൻ പാകത്തിനുള്ള ആത്മബന്ധം ഇപ്പോൾ കുട്ടികളുമായുണ്ട്. ദുരന്തം സൃഷ്ടിച്ച നഷ്ടത്തിന്റെ വ്യാപ്തി തിരിച്ചറിയാനുള്ള പ്രായം ആകാത്തത് കുഞ്ഞുങ്ങൾക്ക് അനുഗ്രഹമായി. അവർ പെട്ടെന്ന് തന്നെ സാഹചര്യവുമായി പൊരുത്തപ്പെട്ടു വന്നിട്ടുണ്ട്. മാതാപിതാക്കളിൽ ഒരാൾ നഷ്ട്ടപെട്ട 14 കുട്ടികൾ ഉണ്ട്. 11 കുട്ടികളുടെ അച്ഛനെയും 3 കുട്ടികളുടെ അമ്മയെയും ഉരുളെടുത്തു. അച്ഛനെ നഷ്ടപ്പെട്ടവർ അമ്മയുടെ കൂടെയും അമ്മയെ നഷ്ടപ്പെട്ടവർ അച്ഛന്റെ കൂടെയുമാണ് നിലവിൽ കഴിയുന്നത്. ഇവരുടെയും മാനസികവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളും കൃത്യമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വിലയിരുത്തുകയും ഇടപെടലുകൾ നടത്തുകയും ചെയ്യുന്നുണ്ട്.”
വയനാട് ജില്ലാ ശിശു സംരക്ഷണ ഓഫീസർ പറയുന്നു.
കുട്ടികളിൽ പലർക്കും സംസ്ഥാന സർക്കാരിന്റെ പുനരധിവാസ ടൗൺഷിപ്പിൽ പുതിയ വീടുകൾ ഉയരുകയാണ്. അച്ഛനും അമ്മയും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ടവർക്ക് 5 ലക്ഷം രൂപയും സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ഇത് കുട്ടിയുടെയും ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെയും പേരിൽ തുടങ്ങിയ ജോയിന്റ് അകൗണ്ടിൽ സ്ഥിരനിക്ഷേപമായി ഇട്ടിരിക്കുകയാണ്. അതിന്റെ പലിശ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.
കൂടാതെ കേന്ദ്രസർക്കാറിന്റെ സ്പോൺസർഷിപ്പ് പദ്ധതിയിൽ പ്രതിമാസം 4000 രൂപ ലഭിക്കുന്നുണ്ട്.
ഇതിന് പുറമെ മാതാപിതാക്കൾ ഇരുവരും നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് സ്വകാര്യ സംഘടനകളും വ്യക്തികളും നല്കിയ തുക ജില്ലാ കലക്ടറുടെ മേൽ നോട്ടത്തിൽ 31.24 ലക്ഷം രൂപയും കൈമാറിയിട്ടുണ്ട്.
Copied from the official WhatsApp channel of Wayanad district collector